Sunday, December 12, 2010

കുതിക്കുന്ന എണ്ണവില

മാസംതോറും ഇന്ധനവില വര്‍ധിപ്പിക്കുന്ന സംവിധാനമേര്‍പ്പെടുത്തിക്കൊണ്ട് ജനങ്ങളെ കൊള്ളയടിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍വസ്വാതന്ത്ര്യവും നല്‍കിയിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പെട്രോള്‍വില ലിറ്ററിന് ഒന്നരരൂപമുതല്‍ രണ്ടുരൂപവരെയും ഡീസല്‍വില ലിറ്ററിന് രണ്ടുരൂപയെന്ന നിലയിലും വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

ഇന്ധനത്തിന്റെ വിലനിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുത്ത കഴിഞ്ഞ ജൂണില്‍ത്തന്നെ ഇതിലെ ആപത്തിനെക്കുറിച്ച് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. സര്‍ക്കാര്‍ വിലനിര്‍ണയാധികാരം കൈയൊഴിഞ്ഞതിനുശേഷമുള്ള ആറാമത്തെ വിലവര്‍ധനയാണ് ഇപ്പോള്‍ നടപ്പാകുന്നത്; അതായത് ആറുമാസത്തിനിടെ ആറുതവണ വര്‍ധന; മാസംതോറും വര്‍ധന.

പെട്രോള്‍, ഡീസല്‍ വില ഈവിധത്തില്‍ വര്‍ധിപ്പിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. കഴിഞ്ഞ വാര്‍ഷികപൊതുബജറ്റില്‍ത്തന്നെ 40,000 കോടി രൂപയുടെ അധികവരുമാനമുണ്ടാക്കാന്‍പാകത്തില്‍ വില വര്‍ധിപ്പിച്ചിരുന്നതാണ്. അതിനുശേഷമാണ് മാസംതോറുമുള്ള അധിക വര്‍ധനയെന്ന് ഓര്‍ക്കണം. സ്വകാര്യ എണ്ണക്കമ്പനികളും ഡോ. മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും തമ്മില്‍ നടക്കുന്ന ഒത്തുകളിയാണ് ഈ വിലവര്‍ധനയുണ്ടാക്കുന്നത്. അന്താരാഷ്ട്ര കമ്പോളത്തില്‍ എണ്ണവില താഴ്ന്നിരിക്കുന്ന ഘട്ടങ്ങളില്‍ ഇവിടെ എണ്ണവില വര്‍ധിപ്പിച്ചു. കൊള്ളയെന്നല്ലാതെ മറ്റൊരു വാക്കുപയോഗിച്ച് ഇതിനെ വിശേഷിപ്പിക്കാനാകില്ല.

കാലങ്ങളായി ഇവിടെ നിലനിന്നിരുന്ന അഡ്മിനിസ്റേര്‍ഡ് വിലസംവിധാനം എടുത്തുകളഞ്ഞതുതന്നെ ഗൂഢാലോചനയുടെ ഭാഗമായാണ്. ഒരുവശത്ത്, എണ്ണക്കമ്പനികള്‍ക്ക് തന്നിഷ്ടപ്രകാരം വില കൂട്ടാനുള്ള സ്വാതന്ത്ര്യം കൊടുക്കുക; മറുവശത്ത് വില വര്‍ധിപ്പിച്ചത് തങ്ങളല്ല എന്നുപറഞ്ഞ് ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയുക. ഇത് രണ്ടും ഒരുപോലെ സാധിച്ചെടുക്കാനുള്ള നടപടിയായിരുന്നു അത്.

വന്‍കിട കോര്‍പറേറ്റുകളുടെ ഭാഗത്തുനിന്ന് ഖജനാവിലേക്ക് വരേണ്ട ആറരലക്ഷം കോടി രൂപ നാലുമണിക്കൂര്‍കൊണ്ട് പാര്‍ലമെന്റില്‍ എഴുതിത്തള്ളാന്‍ മടികാട്ടാത്ത യുപിഎ സര്‍ക്കാരാണ് വിലക്കയറ്റത്തിന്റെ മാലപ്പടക്കത്തിന് തീകൊളുത്തുംവിധം മാസംതോറും ഇന്ധനവില വര്‍ധിപ്പിച്ചുകൊണ്ടേയിരിക്കുന്നത്.

അന്താരാഷ്ട്രവിപണിയിലെ അടിസ്ഥാനവിലയുടെ മൂന്നരമുതല്‍ നാലുവരെ ഇരട്ടി വിലയ്ക്കാണ് ഇവിടെ പെട്രോളും ഡീസലും പാചകവാതകവും വില്‍ക്കുന്നത്. ഇതിലൂടെ ഒന്നേകാല്‍ ലക്ഷത്തോളം കോടി രൂപയാണ് വര്‍ഷംതോറും സര്‍ക്കാര്‍ നികുതിയിനത്തില്‍ സമാഹരിക്കുന്നത്. ആ നികുതിനിരക്ക് കുറയ്ക്കുകയോ, അതിന്റെ ഒരുഭാഗമെങ്കിലും സബ്സിഡിയാക്കുകയോ ചെയ്താല്‍ എണ്ണവില താഴും. പക്ഷേ, അതിനുള്ള മനോഭാവം മന്‍മോഹന്‍സിങ് സര്‍ക്കാരിന് ഒരിക്കലും ഉണ്ടായിട്ടില്ല.

അന്താരാഷ്ട്രവിപണിയില്‍ എണ്ണവില വര്‍ധിക്കാതിരുന്നഘട്ടത്തില്‍പ്പോലും പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു ഇവിടെ. അന്താരാഷ്ട്രവിപണിയില്‍ പെട്രോള്‍വില കാര്യമായി കുറഞ്ഞ അതേഘട്ടത്തിലാണ് ഇന്ത്യയില്‍ തുടര്‍ച്ചയായി ആറുതവണ വില വര്‍ധിപ്പിച്ചത് എന്നതും ഓര്‍ക്കണം. ബാരലിന് 140 മുതല്‍ 150 വരെ ഡോളര്‍ വിലയുണ്ടായിരുന്നത് 70 മുതല്‍ 75 വരെയായി താഴുകയായിരുന്നു അന്താരാഷ്ട്രകമ്പോളത്തില്‍. വില പാതിയായി കുറഞ്ഞ ഘട്ടം. അതേ ഘട്ടത്തിലാണ്, ഇന്ത്യയില്‍ വില മൂന്നിരട്ടിയായി വര്‍ധിപ്പിക്കാനനുവദിച്ചത്.

സ്വകാര്യ എണ്ണക്കമ്പനികളില്‍നിന്ന് തെരഞ്ഞെടുപ്പാവശ്യങ്ങള്‍ക്കടക്കം വന്‍തോതില്‍ പണം പറ്റുകയും, അതുകൊണ്ട് എണ്ണക്കമ്പനികള്‍ക്കുണ്ടാകുന്ന കുറവ് നാലുമഞ്ചും മടങ്ങായി ജനങ്ങളെ പിഴിഞ്ഞെടുക്കാന്‍ അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യുന്ന രീതിയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. വിലനിര്‍ണയാധികാരം സര്‍ക്കാര്‍ കൈയൊഴിഞ്ഞതുതന്നെ ഇതിനുവേണ്ടിയാണ്. അതിരൂക്ഷമായ വിലക്കയറ്റമുണ്ടാക്കുന്നതും ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കുന്നതുമായ ഈ ജനവിരുദ്ധ നടപടിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയാണ് ജനങ്ങളെക്കുറിച്ച് കരുതലുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്. പക്ഷേ, ആ കരുതല്‍ മന്‍മോഹന്‍സിങ് സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ജനജീവിതവുമായി ഏറെ ബന്ധപ്പെട്ടുനില്‍ക്കുന്ന ഇതര പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയാധികാരംകൂടി കൈയൊഴിയാനും അതെല്ലാം സ്വകാര്യകമ്പനികള്‍ക്ക് സ്വാധീനം ചെലുത്താവുന്ന സംവിധാനങ്ങള്‍ക്ക് കീഴിലാക്കാനുമാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ പുതിയ നീക്കം. ആരെയും ഉല്‍ക്കണ്ഠപ്പെടുത്തേണ്ട അപകടകരമായ നീക്കമാണിത്.

ദേശാഭിമാനി മുഖപ്രസംഗ 10.12.10

No comments: