Friday, January 21, 2011

കേരളം വികസന കുതിപ്പിലേക്ക്

എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തില്‍ ഏറ്റെടുത്തത് 50,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചരിത്രത്തില്‍ സ്ഥാനംപിടിക്കുന്ന വികസന പ്രക്രിയക്കാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ചെലവിട്ടത് 19,000 കോടി രൂപയാണ്. എല്ലാ സര്‍ക്കാരും ഒരുപോലെയാണെന്നു പറയുന്നവര്‍ക്കുള്ള മറുപടിയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസനരംഗത്തെ പ്രവര്‍ത്തനം. നെട്ടയം മുക്കോലയില്‍ സിപിഐ എം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നികുതി വര്‍ധനയില്ലാതെ അധിക വിഭവസമാഹരണം സാധ്യമാക്കിയാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്തിയത്. നികുതി വെട്ടിപ്പ് തടഞ്ഞു. സാമ്പത്തിക അരാജകത്വം ഇല്ലാതാക്കി. യുഡിഎഫ് ഭരണത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം 300 കോടിയായിരുന്നു. എല്‍ഡിഎഫ് ഭരണത്തില്‍ നാലു വര്‍ഷത്തില്‍ പൊതുമേഖലയുടെ ലാഭം 600 കോടി രൂപ. 39 വര്‍ഷത്തിനിടെ സംസ്ഥാനത്ത് പുതിയ പൊതുമേഖലാ സ്ഥാപനമൊന്നും തുടങ്ങിയില്ല. ഈ സര്‍ക്കാര്‍ ഇതിനായി 200 കോടി രൂപ നീക്കിവച്ചു. എട്ടു പുതിയ സ്ഥാപനം രണ്ടു മാസത്തിനകം ആരംഭിക്കും. രണ്ടായിരത്തില്‍പ്പരം പുതിയ തൊഴിലവസരമുണ്ടാകും.

41 ലക്ഷം കുടുംബത്തിന് കിലോക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നു. 50 കഴിഞ്ഞ 45,000 അവിവാഹിതരായ സ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു. വനിതകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം സംവരണം ഉറപ്പാക്കി. ക്രമസമാധാനത്തില്‍ നാലുവര്‍ഷം തുടര്‍ച്ചയായി ഒന്നാമതെത്തുന്ന സംസ്ഥാനമായി കേരളം മാറി. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഒരുവിധ അഴിമതിയും ആരോപിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. സാമൂഹ്യനീതി എന്ന മുദ്രാവാക്യം എങ്ങനെ പ്രായോഗികമാക്കാമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിയിച്ചു. വിവിധ രംഗത്ത് കേരളം മുന്നോട്ടുവയ്ക്കുന്ന മാതൃക ദേശീയതലത്തില്‍ നടപ്പാക്കാന്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പെട്രോളിന് അടിക്കടി വിലവര്‍ധിപ്പിക്കുന്നതിന്റെ ന്യായീകരണം എന്തെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വിശദീകരിക്കണം. കേട്ടാല്‍ ഞെട്ടുന്ന അഴിമതികളിലൂടെ രാജ്യത്തെ നാണംകെടുത്തുകയാണ് കേന്ദ്രഭരണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വട്ടിയൂര്‍ക്കാവ് ജി തങ്കപ്പന്‍നായര്‍ അധ്യക്ഷനായി.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: ഒരു ചുവടുകൂടി മുന്നോട്ട്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ പദ്ധതി പ്രവര്‍ത്തനം ഒരു ചുവടുകൂടി മുന്നോട്ട്. ജൂണില്‍ സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ അപേക്ഷയിലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫെബ്രുവരി അവസാനവാരത്തിനു മുമ്പ് എല്ലാ നടപടിയും പൂര്‍ത്തിയാക്കി മാര്‍ച്ചില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

സംസ്ഥാനസര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷമായി നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്‍ത്തനമാണ് കടമ്പകള്‍ നീക്കി പദ്ധതി നിര്‍മാണത്തിലേക്ക് വഴിതുറക്കുന്നത്. പദ്ധതിയുടെ അടിസ്ഥാനസൌകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും മികച്ച തുറമുഖമായി വിഴിഞ്ഞം മാറും. ഇപ്പോള്‍ കൊളംബോ, സിങ്കപ്പൂര്‍, ദുബായ്, അല്‍സലാല എന്നീ വിദേശ തുറമുഖങ്ങള്‍ വഴിയാണ് ഇന്ത്യയുടെ ഇറക്കുമതി-കയറ്റുമതിയുടെ 70 ശതമാനവും ട്രാന്‍സ്ഷിപ് ചെയ്യുന്നത്. ഇതുമൂലം വിദേശനാണ്യ ഇനത്തില്‍ പ്രതിവര്‍ഷം 1000 കോടിയിലധികം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നതോടെ ഈ നഷ്ടം ഇല്ലാതാക്കാനാകും.

വിഴിഞ്ഞം തുറമുഖം; റോഡിനായുള്ള ഭൂമി ഏറ്റെടുക്കല്‍ ജനുവരി അവസാനത്തോടെ പൂര്‍ണമാകും

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒന്നാംഘട്ട അനുമതി ലഭിച്ചതോടെ തുറമുഖ നിര്‍മാണനടപടി ത്വരിതഗതിയില്‍ മുന്നോട്ട്. പശ്ചാത്തലസൌകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള തുറമുഖ റോഡിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ നടപടി അന്ത്യഘട്ടത്തിലാണ്. ഏറ്റെടുക്കാനുള്ള 17 ഏക്കര്‍ ഭൂമിയില്‍ 16 ഏക്കറും ഏറ്റെടുത്തുകഴിഞ്ഞു. ഇതിന്റെ രജിസ്ട്രേഷനും നഷ്ടപരിഹാരവിതരണവും പൂര്‍ത്തിയായിക്കഴിഞ്ഞു. ജനുവരി അവസാനത്തോടെ ശേഷിക്കുന്നവ ഏറ്റെടുക്കും. പശ്ചാത്തല സൌകര്യങ്ങളുടെ ഭാഗമായുള്ള ബാക്ക്അപ് ട്രക്ക്യാര്‍ഡ് എന്നിവയ്ക്കുള്ള സ്ഥലമേറ്റെടുക്കല്‍ സര്‍വേ നടപടികളും പൂര്‍ത്തീകരിച്ചു. രജിസ്ട്രേഷന്‍ നടപടി പുരോഗമിക്കുന്നു. വെയര്‍ഹൌസ് നിര്‍മാണത്തിനായി കോട്ടുകാല്‍ പഞ്ചായത്ത് പ്രദേശത്തുനിന്ന് ഏറ്റെടുക്കുന്ന നാല്‍പ്പത് ഹെക്ടര്‍ ഭൂമിയുടെ സര്‍വേജോലികളും പൂര്‍ത്തിയായി. ജനുവരി അവസാനത്തില്‍ കലക്ടര്‍ അധ്യക്ഷനായുള്ള വിലനിര്‍ണയ സമിതികൂടി ഭൂമിയുടെ വില നിര്‍ണയിച്ചുകൊണ്ടുള്ള അവസാന തീരുമാനം എടുക്കും. തുറമുഖ റോഡ് നിര്‍മാണപ്രദേശത്തെ മണ്ണുപരിശോധന പുരോഗമിക്കുകയാണ്. വെള്ളായണിക്കായല്‍ സ്രോതസ്സാക്കിയുള്ള ശുദ്ധജലവിതരണത്തിന്റെയും വൈദ്യുതിവിതരണത്തിന്റെയും നിര്‍മാണനടപടികളും പൂര്‍ത്തിയായി. ബാലരാമപുരം മുതല്‍ മുല്ലൂര്‍വരെയുള്ള റെയില്‍വേലൈനിന്റെ സര്‍വേ നടപടിയും പൂര്‍ത്തിയായി. മാര്‍ച്ചില്‍ തുറമുഖ നിര്‍മാണം ആരംഭിക്കുന്ന തരത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്.

160 പൊലീസ് സ്റ്റേഷനില്‍ സ്ത്രീസൌഹൃദ കേന്ദ്രം: കോടിയേരി

സംസ്ഥാനത്തെ 160 പൊലീസ് സര്‍ക്കിള്‍ ഓഫീസില്‍ സ്ത്രീസൌഹൃദ കേന്ദ്രം ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഓരോ കേന്ദ്രത്തിലും ഒരു വനിതാഅഭിഭാഷകയുടെ സേവനം പരാതിക്കാര്‍ക്ക് ലഭ്യമാക്കും. സാമൂഹ്യക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. സ്ത്രീകളുടെ, കുട്ടികളുടെ പരാതികള്‍ക്ക് കേന്ദ്രത്തില്‍ പരിഗണന ലഭിക്കും. മണ്ണന്തല പൊലീസ് സ്റ്റേഷന്റെയും സ്റ്റേഷന്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിറ്റി പൊലീസിങ് സമ്പ്രദായം 100 പൊലീസ് സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുന്ന നടപടി തുടങ്ങി. പൊലീസില്‍ വനിതകള്‍ക്കായി പ്രത്യേക ബറ്റാലിയന്‍ ആരംഭിക്കും. എസ്ഐ തസ്തികയിലേക്ക് വനിതകളെ നേരിട്ട് തെരഞ്ഞെടുക്കും. പൊലീസ് സ്റ്റേഷനുകളില്‍ സ്ത്രീകളുടെ പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനമൊരുക്കും. പൊലീസ് സ്റ്റേഷനുകളുടെ ശാക്തീകരണത്തിന് കൂടുതല്‍ നടപടി സ്വീകരിക്കും. നിരപരാധികള്‍ക്ക് പൊലീസിലുള്ള ഭയം ഒഴിവാക്കുന്നതിനും കുറ്റവാളികള്‍ക്ക് ഭയം ഉളവാക്കുന്നതിനും സേനയുടെ ശാക്തീകരണത്തിന് സഹായിക്കുന്നതാണ് പുതിയ പൊലീസ് നിയമം.

ദേശാഭിമാനി 20.01.11

No comments: