Wednesday, January 19, 2011

സേവനവഴിയില്‍ പുതു മാതൃകയുമായി വൈദ്യുതി ഓഫീസുകള്‍

പുതുവത്സര സുദിനം മുതല്‍ വൈദ്യുതി ഓഫീസുകള്‍ മറ്റ് ഓഫീസുകള്‍ക്ക് മാതൃകയായി സേവനവഴിയില്‍ പുതുവെളിച്ചം പകരുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ 75 സെക്ഷനുകളില്‍ നടപ്പാക്കിയ മാതൃക ഓഫീസ് സംവിധാനം കേരളത്തിലെ എല്ലാ വൈദ്യുതി സെക്ഷന്‍ ഓഫീസുകളിലും ജനുവരി ഒന്നിന് നടപ്പാകും. പരാതി പരിഹാരത്തിന് 24 മണിക്കുറും സംവിധാനമുണ്ടാകും. ലൈന്‍മാന്‍ ഇഷ്ടമനുസരിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനുപകരം ബ്രേക്ക്ഡൌൺ വിങ്, മെയിന്റനന്‍സ് വിങ്, റവന്യൂ വിങ് എന്നിങ്ങനെ മൂന്നായി വിഭജിച്ചാണ് വൈദ്യുതി ഓഫീസിന്റെ പ്രവര്‍ത്തന രീതിയാകെ അഴിച്ചുപണിതിട്ടുള്ളത്.

അടിയന്തര അറ്റകുറ്റപ്പണിക്കാണ് ബ്രേക്ക്ഡൌൺ വിങ്. ഒരു സബ്എന്‍ജിനിയറുടെ നേതൃത്വത്തില്‍ മൂന്ന് ഓവര്‍സിയര്‍, എട്ട് ലൈന്മാന്‍ എന്നിവര്‍ ഈ സംഘത്തിലുണ്ടാകും. പരാതികള്‍ക്ക് ഉടന്‍ തീര്‍പ്പാക്കുകയാണ് ചുമതല. തുടര്‍ച്ചയായുണ്ടാകുന്ന ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനാണ് മെയിന്റനന്‍സ് വിങ്. ലൈന്‍ പരിശോധന, തൂണുകള്‍ മാറ്റല്‍, ലൈനിലെ തടസ്സം നീക്കല്‍ തുടങ്ങിയവ ഈ സംഘം ചെയ്യും. ഒരു സബ്എന്‍ജിനിയര്‍, രണ്ട് ഓവര്‍സിയര്‍, രണ്ട് ലൈന്‍മാന്‍, നാല് വര്‍ക്കര്‍ എന്നിവരടങ്ങുന്നതാണ് സംഘം.

കണക്ഷന്‍ പ്രശ്നം പരിഹരിക്കുന്നതിനാണ് റവന്യൂ വിങ്. ഡിസ്കണക്ഷന്‍, റീകണക്ഷന്‍, പുതിയ കണക്ഷന്‍ തുടങ്ങിയവ ഇവര്‍ നിര്‍വഹിക്കും. ഒരു സബ്് എന്‍ജിനിയര്‍, രണ്ട് ലൈന്‍മാന്‍, രണ്ട് വര്‍ക്കര്‍ എന്നിവരടങ്ങുന്നതാണ് ഈ സംഘം. സമയബന്ധിതമായി പരാതി പരിഹരിക്കുന്നതിന് ദിവസവും രാവിലെയും വൈകിട്ടും ചെയ്ത ജോലി സംബന്ധിച്ച പരിശോധനയും ബാക്കി ജോലി അടുത്ത ദിവസം തീര്‍ക്കുമെന്ന് ഉറപ്പാക്കലും പുതിയ സംവിധാനത്തിന്റെ ഭാഗമാണ്്. അപകടം, പ്രസ രണ നഷ്ടം എന്നിവ കുറയ്ക്കുന്നതിനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും ജനങ്ങളുടെ പരാതി കുറയ്ക്കാനും പുതിയ രീതി സഹായിക്കും.

നൂതന സംവിധാനം പൂര്‍ണമായും നടപ്പിലാകാന്‍ ദിവസങ്ങളെടുക്കും. സംസ്ഥാനത്ത് 3000 പേര്‍ക്കാണ് മസ്ദൂര്‍മാരായി ഇപ്പോള്‍ നിയമനം നൽകിയത്. അറുന്നൂറോളം അസിസ്റ്റന്റ് എഞ്ചിനീയർമാരേയും പുതുതായി നിയമിച്ചു. ആയിരക്കനക്കിന് പ്രമോഷനുകളും നൽകി.

No comments: