Monday, January 31, 2011

കള്ളസാക്ഷികള്‍ കോടിപതികളായി, ഇടനിലക്കാര്‍ ലക്ഷങ്ങള്‍ നേടി

വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കിത്തീര്‍ക്കാന്‍ ഒഴുക്കിയതു കോടികള്‍. കള്ളസാക്ഷി പറഞ്ഞവര്‍ കോടികള്‍ നേടി; ഇടനിലക്കാര്‍ ലക്ഷാധിപതികളും ആയ ഈ കേസും വിവാദങ്ങളും എന്നിട്ടും അവസാനിക്കുന്നുമില്ല. കേസ്‌ അവസാനിച്ചിട്ടു നാലു വര്‍ഷം പിന്നിട്ടിട്ടും കോഴിക്കോടു കേന്ദ്രീകരിച്ചു വര്‍ഷങ്ങളായി ഐസ്‌ക്രീം കേസിന്റെ പേരില്‍ പണമൊഴുകുന്നതു തുടര്‍ന്നു കൊണ്ടിരിക്കുന്നുവെന്നാണു മുഖ്യസാക്ഷികളുടെ ആഡംബര ജീവിതം തെളിയിക്കുന്നതും. ലക്ഷക്കണക്കിനു രൂപ നല്‍കിയതിനു പുറമേ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ക്കു വര്‍ഷങ്ങളായി ഓരോ ആഴ്‌ചയും ഏറ്റവും ചുരുങ്ങിയത്‌ 3,000 രൂപ വീതമാണ്‌ കൃത്യമായി എത്തിക്കൊണ്ടിരിക്കുന്നത്‌. ഇതുകൂടാതെ ആവശ്യത്തിനനുസരിച്ചു ലക്ഷങ്ങളും.

മുഖ്യസാക്ഷികള്‍ക്കൊക്കെ നഗരമധ്യത്തില്‍ മണിമാളികകള്‍ ഒരുങ്ങി. ഇരുചക്രവാഹനങ്ങളും കാറുകളും നല്‍കി. ഇവരില്‍ ചിലര്‍ പിന്നീടു വിദേശത്തേക്കു കടന്നു. ചിലര്‍ വിവാഹിതരായി. കേസന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥര്‍ക്കും കിട്ടി ലക്ഷങ്ങള്‍. ചിലര്‍ക്കു സര്‍ക്കാര്‍ മാറിയപ്പോള്‍ ഉന്നത സ്‌ഥാനങ്ങള്‍. മുഖ്യപ്രതിയായ ശ്രീദേവിയുടെ ഡയറിയിലെ വി.ഐ.പി. പേരുകള്‍ എഴുതിയ ഷീറ്റുകള്‍ നഷ്‌ടപ്പെട്ടതിന്‌ അന്വേഷണോദ്യോഗസ്‌ഥനു കൈമടക്കായി കിട്ടിയതും ലക്ഷങ്ങളാണ്‌. മൊഴി മാറ്റിപ്പറയാന്‍ സാക്ഷികളെ പഠിപ്പിച്ച ഒരു പോലീസ്‌ കോണ്‍സ്‌റ്റബിളിനു നല്‍കിയത്‌ ഒരു ലക്ഷം. കേസുമായി മുന്നോട്ടുപോയിരുന്ന അന്വേഷി പ്രസിഡന്റ്‌ കെ. അജിതയ്‌ക്കു മാഫിയ വാഗ്‌ദാനം ചെയ്‌തതും കോടികളാണ്‌.

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ ഒതുക്കാന്‍ മാഫിയകള്‍ കോടികള്‍ ഒഴുക്കിയപ്പോള്‍ കള്ളസാക്ഷി പറഞ്ഞ സാക്ഷികള്‍ കോടിപതികളായി. കേസിലെ മുഖ്യസാക്ഷികളെല്ലാം ഇന്നു ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായ വീടുകളിലും നാടുചുറ്റുന്നത്‌ ആധുനിക കാറുകളിലുമാണ്‌. ഒരു ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ചു ശ്രീദേവിയെന്ന സ്‌ത്രീ ചില ഉന്നത നേതാക്കള്‍ക്കു കാഴ്‌ചവച്ച സ്‌ത്രീകള്‍ കോടതി നടപടികള്‍ക്ക്‌ ശേഷം ഇപ്പോള്‍ ജീവിക്കുന്നത്‌ ആഡംബരപൂര്‍ണമായിട്ടാണെന്നു മുഖ്യസാക്ഷി റജീനയുടെ വീടും ജീവിത സൗകര്യവും മാത്രം കണ്ടാല്‍ വ്യക്‌തമാകും.

കോഴിക്കോട്‌ നഗരത്തോടു ചേര്‍ന്നുള്ള ഒളവണ്ണ പഞ്ചായത്തിലെ പന്തീരാങ്കാവ്‌-മണക്കടവ്‌ റൂട്ടില്‍ മുതുവനത്തറയിലാണു റജീനയുടെ ആഡംബരഭവനം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈ വീട്ടില്‍ എല്ലാ വിധ ആധുനികസൗകര്യങ്ങളുമുണ്ട്‌. റജീനയും മകനും മാത്രം കുറേക്കാലം താമസിച്ചിരുന്ന ഈ വീട്ടിലെ പ്രതിമാസ വൈദ്യുതബില്‍വരെ ആയിരം രുപയ്‌ക്കു മുകളിലായിരുന്നു. പല മുറികളും എയര്‍ കണ്ടീഷന്‍ ചെയ്‌തിട്ടുണ്ട്‌. അഞ്ചു സെന്റ്‌ സ്‌ഥലം വാങ്ങിയാണ്‌ ഈ വീടു വച്ചതെങ്കിലും പിന്നീട്‌ സമീപത്തെ വീടും പറമ്പും മൊത്തമായി വാങ്ങി വീടിനുചുറ്റും വലിയ ചുറ്റുമതിലും കെട്ടി. വീടിനു മുമ്പിലെ കെട്ടിട മുറികള്‍ 20 ലക്ഷം രൂപയ്‌ക്ക് അടുത്തിടെ റജീന വാങ്ങാനും ശ്രമം നടത്തിയിരുന്നു. മൊഴിമാറ്റി പറയാന്‍ റജീനയ്‌ക്കു രണ്ടു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ നല്‍കിയിരുന്നുവെന്നു കുഞ്ഞാലിക്കുട്ടിയുടെ ബന്ധുകൂടിയായ കെ.എ. റൗഫ്‌ പത്രസമ്മേളനത്തില്‍തന്നെ പറഞ്ഞിരുന്നതാണ്‌. കൂടാതെ 10 ലക്ഷം രൂപയുടെ ഫ്‌ളാറ്റും നല്‍കി. രണ്ടാം സാക്ഷിയായ രജൂലയുടെയും മറ്റും സാക്ഷികളുടെയും ജീവിതം ആഡംബരത്തില്‍ തന്നെയാണ്‌. ഇതില്‍ ചിലര്‍ വിദേശത്തേക്കു കടന്നു. ഒരാള്‍ കുടുംബ ജീവിതവുമായി പൊരുത്തപ്പെട്ടു ഭര്‍ത്താവിന്റെ വീട്ടില്‍ കഴിയുന്നു. അവരാരും പുതിയ വിവാദങ്ങളില്‍ ഇടപെടുന്നുമില്ല.

മാനദണ്ഡം ലംഘിച്ചുകൊണ്ടു വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കോഴിക്കോട്‌ ഉയര്‍ന്നതുമുതല്‍ മുന്‍മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്ക്‌ അനുകൂല വിധിയുണ്ടാക്കാനായി ജഡ്‌ജിമാരെ സ്വാധീനിച്ചതു വരെയുള്ള ആരോപണം ഉയരുന്ന ഈ കേസിന്റെ വഴിത്താരകളും ദുരൂഹതയിലൂടെത്തന്നെയായിരുന്നു പിന്നിട്ടിരുന്നത്‌. റജീനയെ കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്നാരോപിച്ച നഗരമധ്യത്തിലെ ഇരുനിലക്കെട്ടിടം പൊളിച്ചുമാറ്റിയതും ഒറ്റദിവസം കൊണ്ടാണ്‌.

കോഴിക്കോടു നഗരത്തിലെ പുതിയറയിലെ സഭാ സ്‌കൂളിനു സമീപത്തെ ആധുനിക സൗകര്യങ്ങളോടുകൂടിയ വീടാണു വിവാദം ചൂടുപിടിച്ചതോടെ 1997ല്‍ പൊളിച്ചുമാറ്റിയത്‌. 'നഗരത്തിലെ ഒരു വീട്ടില്‍ കൊണ്ടുവന്നു പീഡിപ്പിച്ചെന്നും പിന്നെ രണ്ടു ദിവസം അവിടെ താമസിപ്പിച്ചെന്നും വിവാദമായപ്പോള്‍ കെട്ടിടംതന്നെ പൊളിച്ചുമാറ്റിയെന്നും' റജീന തന്നെയായിരുന്നു മൊഴി നല്‍കിയിരുന്നത്‌. കോഴിക്കോട്ട്‌ നഗരത്തിലുള്ള ഒരു ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥന്റെ സഹായത്തോടെ കുഞ്ഞാലിക്കുട്ടിയുടെ അന്നത്തെ മനഃസാക്ഷി സൂക്ഷിപ്പുകാരനായിരുന്ന റൗഫായിരുന്നു കെട്ടിടം പൊളിച്ചുകളയാന്‍ നേതൃത്വം നല്‍കിയിരുന്നത്‌. കെട്ടിടത്തിന്റെ ഉടമകള്‍ പോലും അറിയാതെയായിരുന്നു ഒരു കല്ലുപോലും അവശേഷിപ്പിക്കാതെ ഒറ്റ രാത്രികൊണ്ടു കെട്ടിടം അപ്രത്യക്ഷമാക്കിയത്‌.

കേസിനായി കോടികള്‍ ഒഴുക്കിയതു രാഷ്‌ട്രീയ-ഉദ്യോഗസ്‌ഥ-മാഫിയ ഇടപെടലുകള്‍ക്കു പുറമേ കള്ളനോട്ടും ഹവാല പണവുമാണ്‌ ഈ അനധികൃത സാമ്പത്തിക ഇടപാടിനു പിന്നിലെന്നുള്ള സൂചനകളും ബലപ്പെട്ടിരിക്കുകയാണ്‌. ഹവാല കേസിന്‌ അറസ്‌റ്റിലായവര്‍തന്നെ പണം നല്‍കിയതിന്റെ തെളിവുമായി രംഗത്തു വന്നുകഴിഞ്ഞു. ഏറ്റവും അവസാനം കേസിലെ മുഖ്യസാക്ഷികളായ പെണ്‍കുട്ടികള്‍ക്കും ഇടനിലക്കാര്‍ക്കും ലക്ഷങ്ങള്‍ നല്‍കിയതിനു പിന്നാലെ കോടതിയില്‍നിന്ന്‌ അനുകൂലവിധി സമ്പാദിക്കാന്‍ 40 ലക്ഷം രൂപ രണ്ടു ജഡ്‌ജിമാര്‍ക്കും കൂടി നല്‍കിയെന്ന്‌ ഒരു ചാനല്‍ വെളിപ്പെടുത്തിയതോടെ മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട പെണ്‍വാണിഭ ക്കേസിനുവേണ്ടി ഒഴുക്കിയ കോടികളുടെ കണക്കും ഇടപെടലുകളും കേസിനെ പുതിയ തലങ്ങളിലേക്ക്‌ എത്തിച്ചിരിക്കുകയാണ്‌.

* ടി.കെ. ജോഷി, മംഗളം

No comments: